---
title: "അരുംകൊല;  ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ്"
english_title: "Murder: Father kills his children by slitting their throats after his wife quarrels with him"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/322630/Murder: Father kills his children by slitting their throats after his wife quarrels with him"
published_at: "2025-10-26T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fdadd4b064d_1000373252.png"
keywords: []
---

# അരുംകൊല;  ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ്

> **Lead Summary:** ബുൽധാന: ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ്.

## Article Content

ബുൽധാന: ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ്.

മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലാണ് സംഭവം. രണ്ടുവയസുളള ഇരട്ടക്കുട്ടികളെയാണ് പിതാവ് രാഹുൽ ചവാൻ വനമേഖലയിൽ കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാഹുലും ഭാര്യയും ഇരട്ടകളായ പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു. അതിനിടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. രാഹുൽ മക്കളുമൊത്ത് യാത്ര തുടർന്നു. എന്നാൽ ഭാര്യയോടുളള പക നിയന്ത്രിക്കാനാകാതെ ഇയാൾ മക്കളെയെടുത്ത് ബുൽധാന ജില്ലയിലെ അഞ്ചർവാടി വനമേഖലയിലേക്ക് പോവുകയും കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു.

തുടർന്ന് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകവിവരം പറഞ്ഞ് കീഴടങ്ങി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കൊലപാതകത്തിന് ശേഷം രാഹുൽ ചവാൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായിരിക്കുമെന്നാണ് പൊലീസ് നിഗമനം. മരണകാരണം കൃത്യമായി കണ്ടെത്താനായി ഫോറൻസിക് പരിശോധനയും പോസ്റ്റ്മോർട്ടവും നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/322630/Murder: Father kills his children by slitting their throats after his wife quarrels with him)